1952 ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉടമസ്ഥതയില്‍ പ്രഭാതം പ്രിന്റിംഗ് & പബ്ലഷിംഗ് കമ്പിനി രജിസ്റ്റര്‍ ചെയ്‌തു. തുടക്കത്തില്‍ ആസ്ഥാനം കോഴിക്കോട്ടായിരുന്നു. പിന്നീട് എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു. അതിനുശേഷമാണ് തിരുവനന്തപുരത്ത് ഹെഢാഫീസ് സ്ഥാപിച്ച് പ്രവര്‍ത്തനം വിപുലീകരിച്ചത്.
1955 മുതല്‍ 1990വരെ സോവിയറ്റ് യൂണിയനില്‍ നിന്നുള്ള പുസ്‌തകങ്ങളുടെ ഇറക്കുമതി പ്രഭാതിനായിരുന്നു. കേരളത്തില്‍ വായനാശീലം വളര്‍ത്തിയെടുക്കുന്നതിനും വിശ്വപ്രസിദ്ധമായ റഷ്യന്‍ ക്ലാസ്സിക്കുകള്‍ മലയാളിക്ക് എത്തിച്ചു കൊടുക്കാനും പ്രഭാതിനു കഴിഞ്ഞു. രാഷ്ട്രീയ ഗ്രന്ഥങ്ങള്‍ക്ക് പുറമെ കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ബാലസാഹിത്യകൃതികളും ശാസ്‌ത്രസാങ്കേതിക രംഗത്തെ അതിനൂതനങ്ങളായ കൃതികളും കേരളത്തില്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ പ്രഭാതിനു കഴിഞ്ഞു. 28 സോവിയറ്റ് മാസികകളാണ് പ്രഭാത് വഴി കേരളത്തിലെ വായനക്കാര്‍ക്ക് അക്കാലത്ത് എത്തിച്ചു കൊടുത്തത്. നൂറുക്കണക്കിന് ഏജന്‍സികളാണ് ഇതിനായി കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.
1990 ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം പ്രസിദ്ധീകരണ രംഗത്ത് അപ്പോഴേയ്ക്കും സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരുന്ന പ്രഭാതിന് കേരളത്തിലെ പ്രബുദ്ധരായ വായനക്കാരുടേയും സാഹിത്യകാരത്താരുടേയും സഹായത്തോടെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചു. മിക്ക ജില്ലകളിലും ബ്രാഞ്ചുകളും ഏജന്‍സി സംവിധാനവും ഉണ്ടായിരുന്നത് പ്രഭാതിന്റെ പ്രവര്‍ത്തനങ്ങളെ സഹായിച്ചു. മികച്ച പുസ്‌തക നിര്‍മ്മിതിക്കുള്ള ദേശീയ അവാര്‍ഡ് 1975 ല്‍ തന്നെ പ്രഭാതിന്റെ ബാലവിജ്ഞാനകേശത്തിന് ലഭിച്ചിരുന്നു. സര്‍ക്കാരിന്റെയും സാഹിത്യ അക്കാദമി അടക്കമുള്ള വിവിധ ഏജന്‍സികളുള്‍പ്പെടെ നൂറുക്കണക്കിന് അവാര്‍ഡുകള്‍ ഈ കാലയളവില്‍ പ്രഭാതിന്റെ പുസ്‌തകങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. വായനക്കാരെ തേടി പുസ്‌തകം എത്തിക്കുന്നതിന് വേണ്ടിയുള്ള സഞ്ചരിക്കുന്ന പുസ്‌തകശാല ആദ്യമായി കേരളത്തില്‍ നടപ്പിലാക്കിയതും പ്രഭാത് ബുക്ക് ഹൌസാണ്.
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടായ ബൃഹത്തായ മൂന്ന് സമ്പൂര്‍ണ്ണ കൃതികള്‍ അടുത്തകാലത്ത് പ്രഭാത് പ്രസിദ്ധീകരിക്കുകയുണ്ടായി. സി.അച്യുതമേനോന്‍ (15 വാല്യം), എന്‍.ഇ.ബാലറാം (10 വാല്യം), കെ.ദാമോദരന്‍ (10 വാല്യം) ഈ കൃതികള്‍ ചേര്‍ത്തുവച്ചാല്‍ കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയ ചരിത്രം മാത്രമല്ല ദീര്‍ഘമായ ഒരു കാലഘട്ടത്തിന്റെ ആകെ ചരിത്രവും സംസ്‌കാരവുമാണ് അതില്‍ പ്രതിഫലിക്കുന്നത്.
പ്രഭാത് എന്‍ഡോവ്‌മെന്റ് സ്‌കീം, പ്രവാസി മലയാളി കൂട്ടായ്‌മ, സമ്മാനപ്പെട്ടി 2013 എന്നീ പ്രോജക്ടുകളുമായി പ്രഭാത് മുന്നോട്ട്.
ആദരാഞ്‌ജലികള്‍
പ്രഭാതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നിസ്വാര്‍ത്ഥവും അമൂല്യവുമായ സംഭാവനകള്‍ നല്‍കിയ ശര്‍മ്മാജി, ടി.ഡി.നാരായണന്‍ നമ്പ്യാര്‍, ടി.കെ.രാജു, എ.ഗോപാലന്‍കുട്ടി മേനോന്‍, പി.കെ.ബാലേട്ടന്‍, കെ.സി.കൃഷ്‌ണേട്ടന്‍, പപ്പേട്ടന്‍, പി.രവീന്ദ്രന്‍, പി.ആര്‍.നമ്പ്യാര്‍, സി. ഉണ്ണിരാജ, കണിയാപുരം രാമചന്ദ്രന്‍, സി.കെ. ചന്ദ്രപ്പന്‍ തുടങ്ങിയ നേതാക്കള്‍ പ്രഭാതിന് എന്നും മാര്‍ഗ്ഗദര്‍ശികളായിരിക്കും.